
ട്രെയിനിലെ എസി കോച്ചിനുള്ളിൽ പാൻ കടയൊരുക്കി പാൻ തയ്യാറാക്കുന്നയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈയിൽ നിന്ന് ഛത്തീസ്ഗഢിലേക്ക് പോകുന്ന ട്രെയിനിലെ മൂന്നാം ക്ലാസ് എസി കോച്ചിലാണ് സംഭവം. സാധാരണയായി യാത്രയ്ക്കിടെ ചായയും കാപ്പിയും ലഘുഭക്ഷണങ്ങളുമൊക്കെ വിൽക്കുന്നത് കണ്ടിട്ടുള്ള യാത്രക്കാർക്ക്, സീറ്റിൽ പാൻ കടയൊരുക്കി വിൽപ്പന നടത്തുന്നത് കൗതുകക്കാഴ്ചയായി. എന്നാൽ, ഇതോടെ ട്രെയിനിനുള്ളിലെ ശുചിത്വത്തെക്കുറിച്ചും ഇത്തരം വിൽപ്പനകൾക്ക് അനുമതിയുണ്ടോയെന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ എസി കോച്ചിലെ താഴത്തെ ബെർത്തിൽ തുണി വിരിച്ച് അതിനുമുകളിൽ പാൻ തയ്യാറാക്കാനുള്ള സാധനങ്ങൾ നിരത്തിവെച്ചിരിക്കുന്നയാളെ കാണാം. വളരെ ശാന്തമായി പാൻ ഇലകളിൽ ചേരുവകൾ ചേർത്ത് ഓരോന്നായി തയ്യാറാക്കുകയാണ് ഇയാൾ. സമീപത്തുള്ള യാത്രക്കാരിൽ ചിലർ ഈ കാഴ്ച കൗതുകത്തോടെ നിരീക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിനിനുള്ളിൽത്തന്നെ ഒരു ചെറിയ പാൻ കട തുറന്നതുപോലെയുള്ള കാഴ്ചയാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്.
വിഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ അവകാശവാദമനുസരിച്ച് ഏകദേശം 20 മുതൽ 25 വരെ പാനുകൾ തയ്യാറാക്കാനുള്ള ഓർഡർ ഇയാൾക്ക് ലഭിച്ചിരുന്നു. യാത്രക്കാർക്കായി പാനുകൾ തയ്യാറാക്കി വിൽക്കാനായിരുന്നു ശ്രമം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ട്രെയിനിലെ ബെർത്തിൽ ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നത് എത്രത്തോളം ഉചിതമാണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. യാത്രക്കാർ വിശ്രമിക്കാനും ഉറങ്ങാനും ഉപയോഗിക്കുന്ന സ്ഥലത്ത് പാൻ തയ്യാറാക്കാനുള്ള സാധനങ്ങൾ നിരത്തിവെച്ചത് ശുചിത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കാരണമായി.
അതേസമയം, ട്രെയിനിലെ റിസർവ് ചെയ്ത എസി കോച്ചിനുള്ളിൽ ഇത്തരത്തിൽ പാൻ തയ്യാറാക്കി വിൽക്കാൻ അനുമതിയുണ്ടോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചട്ടങ്ങൾ പ്രകാരം അനുമതിയില്ലാത്ത വിൽപ്പനയും വഴിയോരക്കച്ചവടവും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിൽ പാൻ തയ്യാറാക്കിയ വ്യക്തിക്ക് അനുമതിയുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഡിയോയെക്കുറിച്ച് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല. ഇതിനിടെ, ട്രെയിനിനുള്ളിലെ ശുചിത്വവും വിൽപ്പനച്ചട്ടങ്ങളും ചർച്ചയാക്കി വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
)ുുുുുുു







Comments