
കൊൽക്കത്ത: ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലെ ശാരദാ പാർക്കിലുണ്ടായ ദുരന്തത്തിൽ മരണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ 35 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ദുർഗാപൂജാ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് കൊൽക്കത്തയിലെ ശാരദാ പാർക്കിലുള്ള സർബോജനീൻ ദുർഗാപൂജാ പന്തലിലാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ ആളുകൾ തിക്കിത്തിരക്കിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. തിരക്കിനിടെ പന്തലിന്റെ ഒരു ഭാഗം തകർന്നുവീണതായും റിപ്പോർട്ടുകളുണ്ട്. പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഇടുങ്ങിയതായിരുന്നുവെന്നും മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആശുപത്രിയിലെത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.







Comments