
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഒത്തുകൂടിയ ഭക്തർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത കുത്തനെയുള്ള റോഡിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടവിവരം ലഭിച്ചയുടൻ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്തേക്ക് അയച്ചതായി ഗ്വാളിയോർ കളക്ടർ രുചിക ചൗഹാൻ പറഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഡിൽ പൊലീസ് ചെക്ക്പോയിന്റും സ്റ്റോപ്പറുകളും സ്ഥാപിച്ചിരുന്നു. എന്നിട്ടും നിയന്ത്രിത മേഖലയിലേക്ക് ട്രക്ക് എങ്ങനെ കടന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.







Comments