
ആലപ്പുഴ: ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ. എം പി കെസി വേണുഗോപാലിന്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനോട് കെസിയുടെ പേര് പറയാൻ ആവശ്യപ്പെട്ട് സദസ്സ്. അതിന് കെസി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു പി കെ ബഷീറിന്റെ മറുപടി. പാലം പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർമ്മിച്ചതാണെന്നും അന്ന് ഈ കിഫ്ബിയും കിഫിയും ഒന്നുമുണ്ടായിരുന്നില്ലെന്നും പികെ ബഷീർ പ്രതികരിച്ചു. കൂവല് കൂടി വന്നപ്പോള് ഞാൻ ഏറനാടുകാരനാണെന്നും നിങ്ങടെ ശൗര്യം എനിക്ക് മനസിലാകുമെന്നും പറഞ്ഞ മന്ത്രി, അതിന് അനുസരിച്ച് മറുപടി പറയുമെന്നും ഉദ്ഘാടന വേദിയില് കൂട്ടിച്ചേര്ത്തു.
അതിനിടെ പാലത്തിന്റെ പണി പൂര്ത്തിയാക്കാന് കഠിനപ്രയത്നം നടത്തിയത് കെ സി വേണുഗോപാല് ആണെന്ന് ഷാനിമോള് ഉസ്മാന് അവകാശപ്പെട്ടു. ഉമ്മന്ചാണ്ടിയുടെ കാലത്താണ് പാലത്തിന്റെ പണി ആരംഭിച്ചതെന്നും ഷാനി മോള് ഉസ്മാന് പറഞ്ഞു. മുന് എംഎല്എ എ എം ആരിഫും ഇതിനായി പരിശ്രമം നടത്തി. പാലം ഉദ്ഘാടന വേദിയില് ഷാനിമോള് ഉസ്മാന് ആരീഫിനെ കുറിച്ച് പറഞ്ഞ സമയം സദസ്സില് നിന്ന് കൂവല് ഉണ്ടായി.
അതേസമയം സിപിഐഎം ആലപ്പുഴ ജില്ലാ സെകട്ട്രറിയേറ്റ് അംഗവും മുന് അരൂര് എംഎല്എയുമായ എ എം ആരിഫിന്റെ് പരാമര്ശവും വേദിയില് ചോദ്യം ചെയ്യപ്പെട്ടു. മുന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ പറഞ്ഞതയായിരുന്നു എഎം ആരിഫ് പറഞ്ഞു. അന്ന് പൂര്ത്തിയാകാന് ഉണ്ടായിരുന്നത് കുറഞ്ഞ പണികള് മാത്രമാണ്. ഉമ്മന്ചാണ്ടിയുടെ സ്വപ്ന പദ്ധതി എന്ന ഷാനിമോളുടെ പരാമര്ശത്തിന് ഇത് ആയിരങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്നും എ എം ആരിഫ് പരോക്ഷമായി മറുപടി നല്കിയതോടെ സദസില് നിന്ന് കൂവല് ഉയര്ന്നു.
2006ല് വിഎസ് സര്ക്കാര് തുടങ്ങിവെച്ചതാണ് പദ്ധതി. ഉമ്മന്ചാണ്ടി പോലും ആ വഴി പോലും പോയിട്ടില്ലെന്ന് ആരിഫ് പറഞ്ഞു. പദ്ധതി 2017ല് ജീ സുധാകരന് തറക്കല്ലിട്ടു. പതിറ്റാണ്ടുകളായുള്ള എല്ഡിഎഫിന്റെ പ്രയത്നമാണ് പദ്ധതി. ആകാശത്തേക്ക് പൊട്ടിവീണ വിസ്മയമല്ലെന്നും ഒരുപാട് വികസന നായികമാരും നായകന്മാരും വരുന്നുണ്ടെന്നും ആരിഫ് പറഞ്ഞു. ഫ്ലക്സുകള് കൊണ്ട് എത്ര നാള് ജീവിക്കാന് കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പാലത്തിന്റെ 90% നിര്മാണ പ്രവര്ത്തനങ്ങളും നടന്നത് എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണ്. 98.09 കോടി ചെലവഴിച്ചാണ് നിര്മാണം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്ഘാടനത്തിന് തൊട്ടുമുന്പ് പദ്ധതിയുടെ നാള്വഴികള് എല്ഡിഎഫ് പുറത്തുവിട്ടു. ഇന്ന് ആഘോഷ പരിപാടികള് സംഘടിപ്പിക്കാനാണ് എല്ഡിഎഫ് തീരുമാനം. വൈകിട്ട് 5 മണിക്ക് നാട്ടുകാരുമായി ചേര്ന്ന് ആഘോഷ പരിപാടികള് സംഘടിപ്പിക്കും. പാലത്തിലൂടെ ജനകീയ നടത്തം സംഘടിപ്പിക്കും. എ എം ആരിഫ്, സി കെ ആശ, ദലീമ ജോജോ എന്നിവര് പങ്കെടുക്കും.ഇതിനിടെ, വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് പറഞ്ഞ് മുൻ വൈക്കം എംഎൽഎ സികെ ആശയും അതൃപ്തി പരസ്യമാക്കി. മൈക്ക് തട്ടിപ്പറിച്ചുവെന്നും വിളിച്ച് വരുത്തി അപമാനിച്ചുവെന്നും പറഞ്ഞ് സികെ ആശ വേദിയില് നിന്ന് ഇറങ്ങിപ്പോയി.







Comments