
കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശിനി ജോളി വർഗീസിന്റെ അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ. ഓടനാവട്ടം താറാംവിളയിൽ ജിജിൻ ഭവനിൽ ജോളിയുടെ കുടുംബമാണ് അവയവദാനത്തിന് സമ്മതം നൽകിയത്. ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ജോളിക്ക് പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ജോളിയുടെ ഒരു വൃക്ക പത്തനംതിട്ട ഇലന്തൂർ സ്വദേശി പി.വി. റെജിക്ക് (58) നൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. ഫ്രെഡറിക് പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
അവയവങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയാണ് ഇത്തരം തീരുമാനങ്ങൾ നൽകുന്നത്. ജോളിയുടെ അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ ലഭിക്കുമ്പോൾ, മരണശേഷവും മറ്റുള്ളവരുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശമായി ജോളി തുടരും.







Comments