
കോട്ടയം: സിഎംആർഎൽ വിഷയത്തിലെ സർക്കാർ നടപടിയിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. മാത്യു കുഴൽനാടൻ പറഞ്ഞത് താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും അദ്ദേഹത്തെ ആർക്കും തെറ്റ് പറയാനാകില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ. സുധാകരൻ പറഞ്ഞതും കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. എന്നാൽ ആരെയും വേട്ടയാടുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം ഇക്കാര്യത്തിൽ നിന്ന് പഠിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമപരമായ നടപടികൾ നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന സർക്കാർ നിലപാട് മികച്ചതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണം. മനുഷ്യത്വമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അതാണ് സിപിഎമ്മിൽ നിന്നുള്ള വ്യത്യാസമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കൃത്യമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന കാര്യത്തിൽ സംശയമില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. കള്ളക്കഥകൾ ഉണ്ടാക്കിയാണ് അദ്ദേഹത്തെ വേട്ടയാടിയത്. ഒരു പരാതി എഴുതി വാങ്ങി പ്രതികാരബുദ്ധിയോടെയാണ് മുൻ സർക്കാർ ഉമ്മൻചാണ്ടിയോട് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആ രീതി കോൺഗ്രസ് സ്വീകരിക്കില്ല. കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോയാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടാനും പാടില്ല. അതിനായി സർക്കാർ സമയമെടുത്താലും പ്രശ്നമില്ല. തനിക്ക് ആരോടും വൈരാഗ്യമില്ലെന്നും പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും മുന്നോട്ടുപോകേണ്ടതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്ന പേരിൽ പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.







Comments