
ഝാൻസി: 2010-ലെ 'രാഖി കാ ഇൻസാഫ്' എന്ന ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട കേസിൽ നടി രാഖി സാവന്തിനെതിരെ ഉത്തർപ്രദേശിലെ ഝാൻസി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതോടെ നടി പുതിയ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് അവരുടെ ടെലിവിഷൻ ഷോയിൽ പങ്കെടുക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ഒരാളുടെ കേസുമായി ബന്ധപ്പെട്ടാണിത്.
കോടതിയിൽ നിന്ന് തുടർച്ചയായി സമൻസുകൾ അയച്ചിട്ടും രാഖി സാവന്ത് ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സംഭവം നടന്ന് ഏകദേശം 16 വർഷങ്ങൾക്ക് ശേഷമാണ് കേസ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. 2026 ഡിസംബർ 1-നാണ് കേസിന്റെ അടുത്ത വാദം കേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്.
ഝാൻസിയിലെ പ്രേം നഗർ പ്രദേശത്തുനിന്നുള്ള ലക്ഷ്മൺ അഹിർവാർ എന്ന പച്ചക്കറി വ്യാപാരിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഭാര്യ അനിതയുമായുള്ള ദാമ്പത്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം 2010-ൽ 'രാഖി കാ ഇൻസാഫ്' എന്ന ഷോയിൽ പങ്കെടുത്തത്. പ്രോസിക്യൂഷൻ വിവരങ്ങൾ അനുസരിച്ച്, 2010 ഫെബ്രുവരി 19-നാണ് ഇവർ രാജ്ഗഡിൽ വെച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷം ദാമ്പത്യ പ്രശ്നങ്ങൾ ആരംഭിക്കുകയും, തുടർന്ന് അനിത സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തന്റെ ഭർത്താവ് മദ്യപിക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചിരുന്നു.
ഈ ദാമ്പത്യ തർക്കം പിന്നീട് സാവന്തിന്റെ ടെലിവിഷൻ പരിപാടിയുടെ വിഷയമായി മാറി. ഷോയ്ക്കിടയിൽ നടി തന്റെ മകനെ അപമാനിക്കുകയും, പുരുഷത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തുവെന്ന് അഹിർവാറിന്റെ അമ്മ പിന്നീട് ആരോപിച്ചിരുന്നു. 2010 ഒക്ടോബർ 23-നാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. പരാതി പ്രകാരം, അതിനുശേഷം അഹിർവാർ ആളുകളെ കാണാൻ മടിക്കുകയും ഭക്ഷണം കഴിക്കുന്നത് നിർത്തിവെയ്ക്കുകയും ചെയ്തു. പരിപാടി തന്റെ ജീവിതം തകർത്തുവെന്ന് അദ്ദേഹം അമ്മയോട് പറഞ്ഞിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും 2010 നവംബർ 9-ന് ഒരു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം, അതായത് നവംബർ 10-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.
അഹിർവാറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അമ്മ പോലീസിനെ സമീപിക്കുകയും സാവന്തിനെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നിയമനടപടികൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും, നടി തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.







Comments