
കൊല്ലം ∙ സമൂഹമാധ്യമത്തിലെ ഇടപെടലും ബിജെപി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ഒരു പ്രവർത്തകൻ ദിവസവും പാർട്ടി നിശ്ചയിക്കുന്ന 3 പോസ്റ്റെങ്കിലും നിർബന്ധമായും സമൂഹമാധ്യമങ്ങളിൽ ഇടണം.രാജ്യമാകെയുള്ള പ്രവർത്തന പദ്ധതിക്കാണു ബിജെപി തുടക്കമിട്ടത്. പ്രധാനമന്ത്രിയുടേതുൾപ്പെടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽ നിന്ന് ഉള്ളടക്കം പകർത്തി ഓരോരുത്തർക്കും പോസ്റ്റ് ചെയ്യാം.
സംസ്ഥാനതലത്തിലും ഇത്തരത്തിൽ പോസ്റ്റുകൾ ദിവസവും സംസ്ഥാന സോഷ്യൽമീഡിയ ടീം തയാറാക്കി നൽകും. പ്രാദേശികതലത്തില് പോസ്റ്റ് ചെയ്യേണ്ട കണ്ടന്റ് ജില്ലാ ഘടകം തയാറാക്കി നൽകും. മുൻപ് പാർട്ടി കമ്മിറ്റിയിലോ യോഗത്തിലോ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടുന്നതുപോലെ, സമൂഹമാധ്യമങ്ങളിൽ നിർദേശിക്കപ്പെട്ട പോസ്റ്റ് ചെയ്തില്ലെങ്കിലും ഇനി ചോദ്യം വരും. ദിവസവും അഞ്ചു മിനിറ്റ് ഇതിനായി ചെലവിടണമെന്നാണു നിർദേശം. രണ്ടാംഘട്ടത്തിൽ പോസ്റ്റ് ഇടേണ്ട കൃത്യസമയവും കൂടി നിർദേശിക്കും.
സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തവരെയും മുതിർന്നവരെയും പഠിപ്പിക്കാൻ 30,000 പേരെ നിയോഗിച്ചിട്ടുണ്ട്. ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ സമൂഹമാധ്യമ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബൂത്തിൽ 5 പേർക്കും ജില്ലയിൽ 10 പേർക്കും സംസ്ഥാനതലത്തിൽ 15 പേർക്കുമാണു ചുമതല.സമൂഹമാധ്യമങ്ങൾകൂടി പ്രയോജനപ്പെടുത്തിയുള്ള പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് ഓരോ പ്രവർത്തകനെയും സമൂഹമാധ്യമത്തിലും രംഗത്തിറക്കാൻ ബിജെപി തയാറെടുക്കുന്നത്.







Comments