
കല്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ തമ്മിലടി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്ന് ആരോപണം. ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഫേസ്ബുക്കിൽ കൂടി മർദന വിവരം പങ്കുവെച്ചുകൊണ്ട് എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും രംഗത്തെത്തി.
പുൽപള്ളി പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർത്ഥിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സായന്തിനെ പാർട്ടി ഓഫീസിനുള്ളിൽ വെച്ച് മൈക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. മർദന വിവരം അറിയിച്ച് സായന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് പിന്നീട് പിൻവലിച്ചു. എന്നാൽ മുൻ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മുൻ എസ്എഫ്ഐ പ്രവർത്തകർ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചതോടെ വിഷയം കൂടുതൽ ചർച്ചയായി. എന്നാൽ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പാർട്ടിക്ക് പുറത്ത് നിൽക്കുന്നവരാണ് വിവാദം ഉണ്ടാക്കുന്നതെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന്റെ വിശദീകരണം
ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
ജീവിതത്തിൽ ഒരിക്കലും എസ്എഫ്ഐക്ക് എതിരേ ഒരു വാക്ക് പറഞ്ഞിട്ടില്ല... ഒരു വരി എഴുതിയിട്ടില്ല. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ചുറ്റുമുള്ള പലരും ജില്ലയിൽ നടന്ന ചില സമരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഏറ്റവും ഒടുവിൽ നടന്ന വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ കുറ്റപ്പെടുത്തിയപ്പോഴും വയനാട്ടിലെ എസ്എഫ്ഐക്കാർക്ക് ഒപ്പം നിന്നിട്ടുണ്ട്. അവർക്കുവേണ്ടി വാദിച്ചിട്ടുണ്ട്.
2019 ൽ എസ്എഫ്ഐയിൽ നിന്നും വിടവാങ്ങിയിട്ടും എസ്എഫ്ഐ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. 2012 മുതൽ ജിഷ്ണു ഷാജി വരെയുള്ള എസ്എഫ്ഐ ജില്ലാ നേതൃത്വത്തെ അടുത്ത് അറിയാം. അവരാരും സ്വന്തം ഘടകത്തിലെ ജില്ലാ സെൻട്രലിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന ആളുകൾ ആയിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം പരിഹരിച്ച് എല്ലാവരെയും ചേർത്തുനിർത്തി ജില്ലയിലെ വിദ്യാർഥി പ്രസ്ഥാനത്തെ എല്ലാ കോളേജുകളിലും വിജയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻവേണ്ടി മാത്രമേ ശ്രമിച്ചിട്ടുണ്ടായിരുന്നുള്ളൂ.







Comments