
പാലക്കാട്: ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ സർക്കാർ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും ഒന്നാണെന്നത് തെറ്റിദ്ധാരണയാണ്. ഇവ രണ്ടും വ്യത്യസ്തമാണ്. ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കുന്നത്. പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ് ഇത് നിർമിക്കുന്നത്. സ്പിരിറ്റ് ചേർക്കുന്നില്ലെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കർഷക സംഘടനകളുടെയും വിദഗ്ധരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയത്. കാർഷിക സർവകലാശാലയ്ക്ക് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിൽ ഹോർട്ടി വൈൻ ഉൽപ്പാദനത്തിനുള്ള ലൈസൻസ് നൽകിയത് ജൂൺ മാസത്തിലാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ലൈസൻസ് നൽകിയതെന്നും രാജേഷ് പറഞ്ഞു. വിൽപ്പനയെക്കുറിച്ച് മന്ത്രി അറിഞ്ഞില്ലെന്നത് അവരുടെ പ്രശ്നമാണ്. പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് യുഡിഎഫും മന്ത്രിമാരും പറയുന്നത്. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഭരണത്തിന്റെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments