
മുംബൈ: ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വെച്ച് ബോലിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അപരിചിതരായ വ്യക്തികൾ വെടിവെച്ചതായി പോലീസ് അറിയിച്ചു. എന്നാൽ പരിക്കേൽക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ജുഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപമാണ് സംഭവം നടന്നത്. വെടിവെപ്പിലേക്ക് നയിച്ച സംഭവവികാസങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വെടിവെപ്പിൽ ഷ്രോഫ് സുരക്ഷിതനാണ്, അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഒരു ഗ്രൗണ്ടിൽ നിന്ന് തന്റെ വാഹനത്തിൽ പുറത്തേക്ക് കടക്കുമ്പോഴാണ് ഷ്രോഫിന്റെ കാറിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിയുതിർത്തത്. അദ്ദേഹത്തെ കാണാൻ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടത്തിനിടയിൽ നിന്നാണ് കാറിന് നേരെ പലതവണ വെടിയുതിർത്തതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഷ്രോഫിന് വെടിയേറ്റിട്ടില്ല. ലോറൻസ് ബിഷ്ണോയ് സംഘം പിന്നീട് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഗാംങ്സ്റ്റർ അനിൽ പണ്ഡിറ്റിന്റേതെന്ന പേരിൽ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റും വീഡിയോ/ഓഡിയോ സന്ദേശങ്ങളും, ബോളിവുഡ് നടൻ സൽമാൻ ഖാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്കും എതിരെയുള്ള വധഭീഷണികളുടെ പശ്ചാത്തലത്തിലുള്ളതാണ്.
സൽമാൻ ഖാനൊപ്പം സഹകരിക്കുന്നതോ അദ്ദേഹത്തോടൊപ്പം സിനിമകളിൽ പ്രവർത്തിക്കുന്നതോ ആയ ആരെയും വെറുതെവിടില്ലെന്നും, ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഈ സന്ദേശങ്ങളിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. മുംബൈയിലും മറ്റും സിനിമാ താരങ്ങൾക്കും ജിമ്മുകൾക്കും നേരെ നടക്കുന്ന വെടിവെയ്പ്പ് സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഇത്തരം പോസ്റ്റുകൾ വ്യാപകമായി ചർച്ച ചെയ്യപ്പെടാറുണ്ട്.







Comments