
പത്തനംതിട്ട: കാപ്പ കേസ് പ്രതികളുമായും ക്രിമിനൽ കേസ് പ്രതികളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നിഷാന്ത് പി. ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
പ്രതികളോടൊപ്പമുള്ള ചിത്രങ്ങൾ നിഷാന്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതായും പ്രതികളുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായും നോട്ടീസിൽ പറയുന്നു. ക്രിമിനലുകളുമായി ചേർന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതിലൂടെ പൊതുജനങ്ങൾക്കിടയിൽ പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
നിഷാന്തിന്റെ പ്രവൃത്തികൾ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും സ്വഭാവദൂഷ്യവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് രേഖകൾ പരിശോധിച്ചതിൽനിന്ന് ബോധ്യപ്പെട്ടതായി നോട്ടീസിൽ വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥനായി തുടരാൻ അയോഗ്യനാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തോട് യോജിച്ചാണ് നടപടി.
സേവനത്തിൽനിന്ന് പിരിച്ചുവിടാനാണ് താത്കാലികമായി തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കണം. അല്ലാത്തപക്ഷം പിരിച്ചുവിടാനുള്ള തീരുമാനം അന്തിമമാക്കുമെന്നും നോട്ടീസിൽ പറയുന്നു.







Comments