
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭകളില്‍ ധനമന്ത്രിമാരായിരുന്ന തോമസ് ഐസക്, കെ.എന്‍. ബാലഗോപാല്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി 'കിഫ്ബി'യില്‍ ലാഭം കൊയ്തത് കണ്ണൂര്‍ ലോബി. തോമസ് ഐസക് ആസുത്രണം ചെയ്തതുപോലെയല്ല പിന്നീട് കിഫ്ബിയില്‍ കാര്യങ്ങള്‍ നടന്നത്. അതുകൊണ്ടുതന്നെയാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അദ്ദേഹത്തിന് സ്ഥാനംലഭിക്കാതിരുന്നതെന്നും ആക്ഷേപമുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ.എന്‍. ബാലഗോപാല്‍ കാര്യങ്ങള്‍ പഠിച്ചുവരും മുന്നേ ചിലര്‍ കരുക്കള്‍ നീക്കി ലാഭക്കൊയ്ത്തു തുടങ്ങിയിരുന്നു. ഇങ്ങനെ പോയായാല്‍ പിന്നീട് താനും പെടുമെന്നും ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും മനസിലാക്കിയ കെ. എന്‍ ബാലഗോപാല്‍ 'കിഫ്ബി' വഴിയുള്ള പരിധിവിട്ട കടമെടുപ്പ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കണ്ണൂര്‍ ലോബി ബാലഗോപാലിന്റെ ആശങ്കകളും എതിര്‍പ്പുകളും തള്ളി കടമെടുപ്പുമായി മുന്നോട്ടുപോയി. ഇതോടെയാണ് പൊതുധനകാര്യ മാനേജ്‌മെന്റിനെ തകര്‍ക്കുകയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത കിഫ്ബി കടമെടുപ്പ് അരങ്ങേറിയത്.
കിഫ്ബി വഴി വന്‍തോതില്‍ വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ ഔദ്യോഗിക കടപരിധിയെ ബാധിക്കുമെന്നും പൊതുഖജനാവിനെ നിശ്ചലമാക്കു മെന്നും ബാലഗോപാല്‍ ഫയലില്‍ കുറിച്ചിരുന്നു. എന്നാല്‍ ധനകാര്യ വിദഗ്ധരുടെയും സ്വന്തം ധനമന്ത്രിയുടെയും ഉപദേശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ, വായ്പകളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നേരിട്ട് ഉത്തരവിട്ടെന്നാണു സൂചന. കിഫ്ബിയുടെ അനിയന്ത്രിതമായ കടമെടുപ്പാണ് കേരളത്തെ ഇന്നത്തെ വലിയ സാമ്പത്തിക കടക്കെണിയിലേക്ക് തള്ളിയിട്ടതെന്ന് ഉന്നതതല വിദഗ്ധ സമിതിയും പിന്നീട് കണ്ടെത്തി. ബാലഗോപാല്‍ ഫയലില്‍ രേഖപ്പെടുത്തിയ മുന്നറിയിപ്പുകള്‍ സമിതി തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗമായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കണ്ണൂര്‍ പട്ടാന്നൂരില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കിന്‍ഫ്ര ഏറ്റെടുത്ത അഞ്ഞൂറേക്കറോളം ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു പദ്ധതിയും നടപ്പാക്കാതെ വെറുതെ കിടക്കുകയാണ്. എന്തിനാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഈ സ്ഥലം വിപണി വിലയെക്കാള്‍ അഞ്ചിരട്ടി വിലയ്ക്ക് ഏറ്റെടുത്തതെന്ന് ഇപ്പോഴും വ്യക്തമല്ല. സ്ഥലമെടുപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണൂര്‍ ലോബിയും ഇവര്‍ക്ക് ഒത്താശ ചെയ്ത ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭൂമി കച്ചവടത്തിലൂടെ വന്‍ ലാഭം നേടിയെന്നും ആരോപണം.
വന്‍കിട പദ്ധതികള്‍ ആരംഭിക്കുമെന്ന വലിയ അവകാശവാദങ്ങളോടെയാണ് പ്രദേശവാസികളില്‍നിന്നും കിഫ്ബി പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തത്. ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ഈ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കലുകളുടെ മറവില്‍ കോടിക്കണക്കിന് രൂപ ഭരണച്ചെലവായും കമ്മീഷനായും ചോര്‍ന്നുപോകുമ്പോഴും വാങ്ങിയ ഭൂമിയില്‍ ഒരു കല്ല് പോലും പാകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വായ്പയെടുത്ത തുകയുടെ പലിശയിനത്തില്‍ മാത്രം പ്രതിമാസം ലക്ഷങ്ങളാണ് പൊതുഖജനാവിന് നഷ്ടമാകുന്നത്.







Comments