
തിരുവനന്തപുരം: വൈദ്യുതബോര്‍ഡിന്റെ മുന്‍കാലനഷ്ടമായ 5, 000 കോടി രൂപ നാലുവര്‍ഷംകൊണ്ട് സര്‍ച്ചാര്‍ജിലൂടെ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിജ്ഞാപനം ചെയ്തു. പുതുക്കിയ വൈദ്യുതനിരക്കും സര്‍ച്ചാര്‍ജും 2027 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.
2027- 28 മുതല്‍ 2031-32 വരെയുളള അഞുവര്ഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതില്‍ നാലുവര്‍ഷവും സര്‍ച്ചാര്‍ജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സര്‍ച്ചാര്‍ജ് കണക്കാക്കുക. വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം.
ഈ അധികബാധ്യത കമ്മിഷന്റെ അംഗീകാരമില്ലാതെ കമ്പനിക്ക് നേരിട്ട് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. അധികച്ചെലവ് ഉടൻതന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനായാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്. എന്നാൽ, ശരാശരി വൈദ്യുതിവിലയുടെ നാല് ശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീട്ടും. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം.
വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.
വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം സ്ഥാപിച്ച് രാത്രിയിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും പുതിയ നയം നിർദേശിക്കുന്നു.







Comments