
കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടക്കുന്ന ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉണ്ടാകുന്ന ശക്തമായ അഭിപ്രായഭിന്നതകള്‍ക്കിടയില്‍ കോട്ടയത്ത് 'ഫ്ളെക്സ് ബോര്‍ഡുകള്‍'. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പുതിയ ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
ഡിസിസി ഓഫീസിനു സമീപം, ഗാന്ധി സ്ക്വയര്‍, പ്രസ് ക്ലബ്ബിനു മുന്നില്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 'നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല', 'ഒന്നും മറന്നിട്ടില്ല വിജയാ' തുടങ്ങിയ വാചകങ്ങളാണ് ഈ ഫ്ളെക്സുകളിലുള്ളത്. സിഎംആര്‍എല്‍ വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന ഇഡി നിലപാടും, അതിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനവും കോണ്‍ഗ്രസിനുള്ളില്‍ തന്നെ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി വിജയന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും, രാഷ്ട്രീയ സമീപനങ്ങളും ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നേതാക്കളില്‍ പലരും സര്‍ക്കാരിന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. സരിത എസ്. നായരുടെ കയ്യില്‍ നിന്ന് ലഭിച്ച ഒരു തുണ്ട് കടലാസിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് ഉമ്മന്‍ ചാണ്ടിയെ സിബിഐ അന്വേഷണത്തിന് എറിഞ്ഞുകൊടുത്ത ആളാണ് പിണറായി വിജയന് എന്ന് മാത്യു കുഴല്നാടന് പരസ്യമായി വിമര്‍ശിച്ചിരുന്നു.
പിണറായി വിജയന് യാതൊരു ഇളവും നല്‍കരുതെന്നും പറഞ്ഞു. ചാണ്ടി ഉമ്മനും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. വ്യാജ കഥകള്‍ മെനഞ്ഞ് ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയവര്‍ ഇന്ന് മറുപക്ഷത്താണെന്നും അന്നത്തെ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിക്ക് നീതി ലഭിച്ചില്ലെന്ന് പാര്‍ട്ടി മീഡിയ പാനലിസ്റ്റ് വി.ആര്. അനൂപും വിമര്‍ശനം ഉന്നയിച്ചു.







Comments