
തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയുടെ ഇളയമ്മ മിസ്സിംഗിന് പോലീസില്‍ പരാതി നല്കാന് കാരണം വീണ്ടെടുത്ത് വീണ്ടും വില്‍പ്പന നടത്താന്‍. ഇളയമ്മയും ഭര്‍ത്താവും മറ്റ് ജോലികളൊന്നും ചെയ്തിരുന്നില്ലെന്നും പെണ്‍കുട്ടിയെ വില്‍പ്പന നടത്തി ആ പണം കൊണ്ടാണ് ജീവിച്ചിരുന്നതെന്നുമാണ് സംശയിക്കുന്നത്.
പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു പദ്ധതി. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. എന്നാല്‍ ഇതിനിടയില്‍ സ്പായിലെ ജീവനക്കാരില്‍ ഒരാള്‍ക്കൊപ്പം പെണ്‍കുട്ടി രക്ഷപ്പെടുകയും പിന്നീട് പോലീസ് നെയ്യാറില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു. കോവളത്തെയും വിഴിഞ്ഞത്തെ രണ്ടു സ്പാകളിലും എത്തിച്ചായിരുന്നു പീഡനം. മാതാപിതാക്കള്‍ മരണപ്പെട്ടുപോയ പെണ്‍കുട്ടിയുടെ ഉത്തരവാദിത്വം ഇളയമ്മ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം വില്‍പ്പന നടത്തിയത് ചെന്നൈയിലായിരുന്നു. അവിടെ നിന്നും കൂടുതല്‍ പണം ഉറപ്പാക്കിയാണ് ഇവര്‍ കോവളത്ത് പെണ്‍കുട്ടിയെ എത്തിച്ചത്.
കഴിഞ്ഞ 21 നാണ് പോലീസ് സ്റ്റേഷനില്‍ ഇളയമ്മ പരാതിയുമായി എത്തിയത്. രണ്ടുദിവസമായി ബന്ധുവിനെ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ ഓഫീസില്‍ മജാലി ചെയ്യുന്ന യുവാവിനെ സംശയമുണ്ട് എന്നും കുറിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പിറ്റേന്ന് യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ഇവിടെ യുവാവ് പെണ്‍കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ കയ്യിലുള്ള രേഖകളില്‍ 22 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 16 വയസ്സ് മാത്രമെന്ന് കണ്ടെത്തുകയായിരുന്നു.
കോവളത്ത് തന്നെയായിരുന്നു ഇളയമ്മയും ഭര്‍ത്താവും താമസിച്ചിരുന്നത്. പീഡനം സഹിക്കാതായപ്പോഴാണ് യുവതി കടന്നുകളഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. പെണ്‍കുട്ടി പോലീസിനോട് എല്ലാം വെളിപ്പെടുത്തിയെന്ന് അറിഞ്ഞതോടെ ഇളയമ്മയും ഭര്‍ത്താവും ആന്ധ്രയിലേക്ക് മുങ്ങിയിരുന്നു. എന്നാല്‍ പോലീസ് ഇവരെ പിടികൂടിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.







Comments