
ജയ്പൂര്‍: ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന്പേര്‍ രാജസ്ഥാനില്‍ പിടിയില്‍. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലാകുകയായിരുന്നു. പിടിയിലായവരില്‍ രണ്ടുപേര്‍ ഹരിയാനക്കാരും ഒരാള്‍ ബീഹാറുകാരനുമാണ്. ബിഷ്ണോയി സംഘം നിയോഗിച്ച വാടകക്കൊലയാളികളാണ് ഇവര്‍.
രണ്ടുപേര്‍ വാടകക്കൊലയാളികളും ഒരാള്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളുമാണെന്നാണ് കരുതുന്നത്. പ്രതികളില്‍ ഹരിയാനയിലെ സോണിപഥില് നിന്നുള്ളയാള്‍ക്ക് 17 വയസ്സാണ് പ്രായം. മറ്റു രണ്ടുപേരില്‍ ആദ്യത്തെയാള്‍ 22 കാരന് റോഷന് എന്ന് വിളിക്കുന്ന ഹൃത്വിക് കുമാറാണ്. ഇയാള്‍ പടിഞ്ഞാറന്‍ അന്ധേരിയിലാണ് താമസിക്കുന്നത്. രണ്ടാമത്തെയാള്‍ റാപ്പിഡോ റൈഡറിലെ ജീവനക്കാരനായ 18 കാരനാണ്.
മുംബൈപോലീസ് നല്കിയ വിവരം അനുസരിച്ച് പൂനെ ജെയ്പൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ രാജസ്ഥാനിലെ ആന്റി ഗ്യാംഗ്സ്റ്റര്‍ ടാസ്ക്ഫോഴ്സും കോട്ടാ സിറ്റി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളുടെ ദൃശ്യം കിട്ടിയതിന് പിന്നാലെ പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. വളരെ ആലോചിച്ച് തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ആക്രമണം സംഘം നടത്തിയത്. ടൈഗര്‍ ഷ്റോഫിന്റെ എല്ലാ ചലനങ്ങളും മനസ്സിലാക്കി അദ്ദേഹം പതിവായി ഞായറാഴ്ച ഫുട്ബോള്‍ കളിക്കാന്‍ പോകുന്നത് മനസ്സിലാക്കി അതിനനുസരിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ നേരത്തേ തയ്യാറാക്കിയ രീതിയിലായിരുന്നു പോയത്. എസ്വി റോഡ് വഴി വിലേപാര്ലേയിലേക്കും അന്ധേരിയിലേക്കും പോയി.
അന്ധേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് ഉപേക്ഷിച്ച് അവിടെ നിന്നും ബോറിവാലിയില്‍ നിന്നും ട്രെയിന്‍ കയറുകയായിരുന്നു. പിന്നീട് മഹാരാഷ്ട്ര അതിര്‍ത്തി വഴി ഗുജറാത്തില്‍ പ്രവേശിച്ച് അവിടെ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്നു. ഈസമയത്തെല്ലാം മുംബൈ പോലീസ് അതാതു സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ പോലീസിനും വിവരം കൈമാറിയിരുന്നു. പ്രതികള്‍ രാജസ്ഥാനിലേക്ക് കടന്നതോടെ രാജസ്ഥാന് പോലീസിന് വിവരം കൈമാറി. പിടികൂടിയാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.







Comments