
പോലീസിന്റെ പിഴയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്വന്തം ഭാര്യയെ റോഡിൽ വീഴ്ത്തി ബൈക്കുമായി കടന്നുകളഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ പോലീസിനെ കണ്ട് ബൈക്ക് പെട്ടെന്ന് തിരിച്ചോടിച്ചപ്പോൾ പിന്നിലിരുന്ന ഭാര്യയുടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ ഭാര്യ വീണിട്ടും വാഹനം നിർത്താതെ യുവാവ് മുന്നോട്ടുപോയതാണ് സംഭവത്തെ കൂടുതൽ ചർച്ചയാക്കിയത്.
രുദ്രാപുരിലെ ത്രിശൂൽ ചൗക്കിൽ ഹെൽമറ്റ് ധരിക്കാത്തവരെയും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളെയും കണ്ടെത്തുന്നതിനായി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പരിശോധനയ്ക്കായി ബൈക്ക് നിർത്താൻ പോലീസ് നിർദേശിച്ചെങ്കിലും യുവാവ് വാഹനം വേഗത്തിൽ മുന്നോട്ടെടുത്ത് പെട്ടെന്ന് തിരിക്കുകയായിരുന്നു. ഇതോടെ പിന്നിലിരുന്ന ഭാര്യയ്ക്ക് ബാലൻസ് നഷ്ടമായി റോഡിൽ വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭാര്യ റോഡിൽ വീണിട്ടും യുവാവ് ബൈക്ക് നിർത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. പകരം ബൈക്കുമായി ഇയാൾ അവിടെനിന്ന് കടന്നുകളഞ്ഞു. റോഡിൽ വീണ സ്ത്രീയുടെ അടുത്തേക്ക് ഉടൻ ഓടിയെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. അവർ സ്ത്രീയെ എഴുന്നേൽപ്പിച്ച് വിവരങ്ങൾ അന്വേഷിക്കുകയും സഹായം നൽകുകയും ചെയ്തു. പിഴ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാരിയുടെ സുരക്ഷപോലും അവഗണിച്ച നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു.
സംഭവത്തിനുശേഷം പോലീസ് സ്ത്രീയോട് വിവരങ്ങൾ അന്വേഷിച്ചു. തനിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അവർ അറിയിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് പോലീസ് കൗൺസലിങ് നൽകിയശേഷം വീട്ടിലേക്ക് അയച്ചു. പിഴയിൽനിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ അപകടകരമായി വാഹനം ഓടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ചർച്ചയാകുന്നത്.







Comments