
അമേരിക്കയിലെ നെബ്രാസ്കയിൽ ആറുവയസ്സുകാരൻ നടത്തിയ കണ്ടെത്തൽ ഗവേഷകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. പാർക്കിൽ കല്ലുകൾ പരിശോധിക്കുന്നതിനിടെ ലിയോ യങ്ഡാൽ എന്ന ബാലൻ കണ്ടെത്തിയത് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അപൂർവ സമുദ്രജീവിയുടെ ഫോസിലാണ്. നെബ്രാസ്കയിൽ 55 വർഷത്തിലേറെയായി രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ ഫോസിൽ കണ്ടെത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
നെബ്രാസ്കയിലെ ഗ്രെറ്റ്നയ്ക്ക് സമീപമുള്ള ഷ്രാം പാർക്ക് സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയിൽ നടന്ന പരിപാടിക്കിടെയാണ് ലിയോയ്ക്ക് ഫോസിൽ ലഭിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഫോസിൽ കണ്ടെത്താമെന്ന പ്രതീക്ഷയിൽ വലിയൊരു കല്ല് മറിച്ചുനോക്കിയപ്പോഴാണ് അതിന്റെ അടിഭാഗത്ത് അസാധാരണമായ അടയാളങ്ങൾ കണ്ടത്. പാമ്പിന്റെ വയറിലെ ചെതുമ്പലുകളോട് സാമ്യമുള്ള അടയാളങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ലിയോ അത് പാർക്കിലെ വിദ്യാഭ്യാസ വിദഗ്ധയായ കെല്ലി എക്യൂവിനെ കാണിക്കുകയായിരുന്നു.
വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ഇത് കോൺയുലാരിഡ് എന്ന പുരാതന സമുദ്രജീവിയുടെ ഫോസിലാണെന്ന് തിരിച്ചറിഞ്ഞത്. ജെല്ലിഫിഷിനോട് സാമ്യമുള്ള ശരീരഘടനയുള്ള ഈ ജീവികൾ ഏകദേശം 20 കോടി മുതൽ 50 കോടി വർഷം മുമ്പ് ജീവിച്ചിരുന്നതായാണ് കണ്ടെത്തൽ. ഏകദേശം 2.75 ഇഞ്ച് വലിപ്പമുള്ള ഫോസിലിൽ ജീവിയുടെ ശരീരത്തിന്റെ അടയാളം മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. മൃദുവായ ശരീരവും നേർത്ത അസ്ഥികൂടവുമുള്ളതിനാൽ ഇത്തരം ജീവികളുടെ ഫോസിലുകൾ അപൂർവമായാണ് കണ്ടെത്തുന്നത്.
നെബ്രാസ്കയിൽ ഇതിന് മുമ്പ് കണ്ടെത്തിയതായി രേഖകളിലുള്ള സമാന ഫോസിലുകൾ 55 വർഷത്തിലേറെ മുമ്പാണ് ലഭിച്ചത്. അതിനാൽ ലിയോയുടെ കണ്ടെത്തൽ ശാസ്ത്രലോകത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. ഫോസിൽ ലിയോയ്ക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ നൽകില്ലെങ്കിലും, പാർക്കിൽ തന്നെ സൂക്ഷിച്ച് സന്ദർശകർക്കും കുട്ടികൾക്കും പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. ഇനിയും പുതിയ കണ്ടെത്തലുകൾ നടത്താനുള്ള ആവേശത്തിലാണ് ആറുവയസ്സുകാരൻ.







Comments