
ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ പ്രമുഖ ബ്രാൻഡുകളുടെ കടകൾ ഉൾപ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. ആപ്പിൾ, ലൂയി വിറ്റൺ, ഹെർമിസ്, റോലെക്സ് തുടങ്ങിയ ബ്രാൻഡുകളുടെ കടകളാണ് കൊള്ളയടിക്കപ്പെട്ടത്. വിവിധ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ കടകളുടെ ചില്ലുകൾ തകർക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി.
ബോർഡോ നഗരത്തിലെ വ്യാപാരകേന്ദ്രമായ റ്യൂ സെയ്ന്റ് കാതറിനിൽ ആപ്പിളിന്റെയും ലൂയി വിറ്റണിന്റെയും കടകൾ ആക്രമിക്കപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയവർ കടകളിൽ അതിക്രമിച്ചുകയറി സാധനങ്ങൾ കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ. ലില്ലെയിലെ ആപ്പിൾ കടയും മാർസെയിലെ ഹെർമിസ്, റോലെക്സ് ഷോറൂമുകളും ആക്രമണത്തിനിരയായി. വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെ വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ വ്യാപാരമേഖലയിൽ ആശങ്ക സൃഷ്ടിച്ചു.
പാരീസിലും സംഘർഷം രൂക്ഷമായി. കടകളുടെ ചില്ലുകൾ തകർക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്രശാലകൾ തുടങ്ങിയ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചില നഗരങ്ങളിൽ പൊതുകെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.
ജീവിതച്ചെലവ് വർധിക്കുന്നതും സാമ്പത്തിക സമ്മർദങ്ങളും പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളുമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, പ്രതിഷേധങ്ങൾക്കിടെ നടന്ന കൊള്ളയും നശീകരണവും വിമർശനത്തിന് ഇടയാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അക്രമസംഭവങ്ങളെ അപലപിക്കുകയും പൊതുസ്വത്ത് നശിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.







Comments