
മാതൃസ്നേഹത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ചിത്രമാണ് മിന്നാമിനുങ്ങ്.
നവാഗതനായ അനില്‍ തോമസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.. സുരഭിയും റെബേക്കാ തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരഭി എന്ന നടിയുടെ അഭിനയജീവിതത്തിന് പുതിയൊരു മാനദണ്ഡം കൈവരുന്ന ചിത്രം കൂടിയാണിത്.
സിനിമയെ ഗൗരവമായി കാണുന്ന ഒരു കലാകാരിയാണ് സുരഭി. ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ ചെയ്തുപോന്നിരുന്നു. എന്നാല്‍ തന്റെ കഴിവിനൊത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇനിയും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
സുരഭി എന്ന നടിയില്‍ പൂര്‍ണവിശ്വാസമുള്ളതുകൊണ്ടാണ് ഇതിലെ 'അമ്മ'യുടെ വേഷം അവരെ ഏല്‍പ്പിച്ചതെന്ന് സംവിധായകന് അനില്‍ തോമസ് വ്യക്തമാക്കി.
ഈ ചിത്രത്തില്‍ സുരഭി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേരു പറയുന്നില്ല. മകള്‍ക്കു വേണ്ടി ജീവിക്കുന്ന ഒരമ്മ. മകള്‍ ചീരു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റെബേക്കാ തോമസാണ്.
തിരുവനന്തപുരം നഗരത്തിനു വെളിയില്‍ താമസിക്കുന്ന കുടുംബമാണ് ഈ അമ്മയുടെയും മകളുടെയും. രാവിലെ നഗരത്തിലെത്തി പല ജോലികളും ചെയ്ത് വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങുന്നു ഈ അമ്മ.
വീട്ടുജോലികള്‍ ഉള്‍പ്പെടെ എല്ലാവിധ ജോലികളും ചെയ്തുപോരുന്നു. മകളെ നന്നായി പഠിപ്പിച്ച് വലിയൊരു നിലയിലെത്തണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. അതിനായി എത്ര കഷ്ടപ്പെടാനും അവര്‍ക്കു മടിയില്ല.
മകള്‍ ചീരു, ഇപ്പോള്‍ അവരെക്കൊണ്ട് താങ്ങാവുന്നതിലും അധികം ഭാരം അവരെ ഏല്‍പ്പിച്ചിരിക്കുന്നു. ചീരുവിന് ഉന്നതമായ പഠനം വേണം. അമ്മ എത്ര കഷ്ടപ്പെട്ടാലും മകളുടെ ഈ ആഗ്രഹം നടത്താന്‍ കഴിയുമായിരുന്നില്ല. അങ്ങനെയൊരു സാമ്പത്തികഭാരമാണ് ഇതിനു വേണ്ടിവരുന്നത്.
പ്രേംപ്രകാശ് അവതരിപ്പിക്കുന്ന എം.എന്‍. എന്ന സാഹിത്യകാരന് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കൃഷ്ണന് ബാലകൃഷ്ണന്, അരുന്ധതി നായര്‍, രാധാകൃഷ്ണന് എന്നിവ ഈ ചിത്രത്തിലെ താരങ്ങളാണ്. മനോജ് റാം സിംഗിന്റേതാണ് തിരക്കഥ.
സംഗീതം- ഔസേപ്പച്ചന്, സുനില്‍ പ്രേം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- കെ. ശ്രീനിവാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രതാപന് കല്ലിയൂര്‍. മൂവി മാജിക് ഇന്‍ അസോസിയേഷന് വിത്ത് മലയാളം സിനിമാല വേഴ്സ് ഫോറം ഈ ചിത്രം നിര്‍മ്മിക്കുന്നു.






