
ന്യൂഡല്‍ഹി : കെ.പി.സി.സി പ്രസിഡന്റു സ്ഥാനത്തു നിന്നുള്ള വി.എം സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നഷ്ടമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
സുധീരന്റെ രാജി തികച്ചും അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. താന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നതിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ഫോണിലൂടെ തന്നോട് രാജി തീരുമാനം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല തന്നെ വിളിക്കുമ്പോഴാണ് സുധീരന്റെ രാജിക്കാര്യം താന്‍ അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തിലൊരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






