
കോട്ടയം: പരാതി നല്കാനെത്തിയപ്പോള് ജില്ലാ പോലീസ് മേധാവി കാണാന്‍ വിസമ്മതിച്ചെന്ന് ആരോപിച്ചു പ്രതിഷേധിച്ച ദലിത് ഗവേഷക വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എം.ജി. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ദീപ പി. മോഹനനെയാണ് ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സര്‍വകലാശാലയില്‍ ദലിത് പീഡനമാണന്നും അധ്യാപകന് ലാബില്‍ കയറ്റാതെ പൂട്ടിയിട്ട് അപമാനിച്ചെന്നും ആരോപിച്ച് നല്കിയ പരാതി െഹെക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ദീപ ഇന്നലെ ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രനെ കാണാനെത്തിയത്. ജില്ലാ പോലീസ് മേധാവിയെ കാണുമെന്നു ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസിട്ട ദീപ, അദ്ദേഹം കാണാന്‍ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. പ്ലക്കാര്‍ഡുമേന്തി ഫേസ് ബുക്ക് ലൈവില്നിന്ന ദീപയെ വനിതാസെല്‍ സി.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു.
അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ വനിതാ പോലീസുകാരിയായ പ്രിയങ്ക മോഹനനെ യുവതി കടിച്ചു പരുക്കേല്‍പ്പിച്ചുവെന്നും പരാതിയുണ്ട്. തുടര്‍ന്നു കൂടുതല്‍ പോലീസെത്തി ദീപയെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഔദേ്യാഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു യുവതിക്കെതിരെ കേസെടുത്തു. പ്രിയങ്ക കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയെ ഇതിനു മുന്‍പ് രണ്ടു തവണ കണ്ടിരുന്നതാണെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. സര്‍വകലാശാലയിലെ വിഷയവുമായി ബന്ധപ്പെട്ടു ദീപയുടെ പരാതി െഹെക്കോടതി റദ്ദ് ചെയ്ത സ്ഥിതിക്കു സുപ്രീം കോടതിയില്‍ പോകുക മാത്രമേ വഴിയുള്ളൂവെന്ന് അറിയിച്ചിരുന്നതാണെന്നും പോലീസ് അറിയിച്ചു.






