
കൊച്ചി: ദുരൂഹസാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിക്ക് കേസില്‍ അറസ്റ്റിലായ ക്രോണിന് അലക്സാണ്ടറുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ പോലീസിന് കിട്ടി. ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നു സാധൂകരിക്കുന്ന ചിത്രങ്ങളാണ് പോലീസിനു ലഭിച്ചത്. ക്രോണിന്റെ ഫോണില്‍നിന്നാണ് കേസില്‍ നിര്‍ണായകമായ ഈ തെളിവുകള്‍ പോലീസിനു ലഭിച്ചത്. മിഷേലുമൊത്തുള്ള സെല്‍ഫി ചിത്രങ്ങള്‍ ക്രോണിന് പകര്‍ത്തിയതാണ്.
മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന വാദം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും ഇന്നലെ പോലീസിന് കിട്ടി. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ രണ്ട് സി.സി.ടിവി ക്യാമറ ദൃശ്യങ്ങളാണു ലഭിച്ചത്. അശോകാ ഫ്ളാറ്റ്, അബാദ് മറൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്യാമറാ ദൃശ്യങ്ങളാണ് ഇവ. ബാഗും തൂക്കി മിഷേല്‍ ഗോശ്രീ പാലം ലക്ഷ്യമാക്കി ഒറ്റയ്ക്ക് നടന്നുപോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടാതെ, മിഷേല്‍ ഗോശ്രീ പാലത്തില്‍നിന്നും ചാടിയതായി സംശയിക്കുന്ന സമയത്ത് ആക്ടീവ സ്കൂട്ടറില്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് കടന്നുപോയ 40 വയസുള്ള ആളെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി. മിഷേല്‍ പാലത്തില്‍ നില്ക്കുന്നതായി കണ്ട അമല്‍ എന്ന യുവാവാണ് ഇയാളെക്കുറിച്ചു പോലീസിന് സൂചന നല്‍കിയത്.
അതിനിടെ, റിമാന്‍ഡിലുള്ള പ്രതി ക്രോണിന് അലക്സാണ്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയാണു ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയല്‍ സെന്‍ട്രല്‍ പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി.
പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പിറവം മോളയില്‍ ക്രോണിന് അലക്സാണ്ടര്‍ ബേബി(27)യുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) തള്ളി.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതായി പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുത്തുമെന്നു കോടതി ചൂണ്ടിക്കാട്ടി.
പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി സാക്ഷിമൊഴികളില്നിന്നു വ്യക്തമായതായും പോലീസ് കോടതിയെ അറിയിച്ചു.






