
മലപ്പുറം : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ലീഗ് നല്കിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ച് ഐഎഫ്എഫ്കെയുടെ പ്രാദേശിക ചലച്ചിത്ര മേളയില്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത്.
മലപ്പുറത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി കമലിന്റെ പേര് ഉയര്‍ന്നു കേട്ട സാഹചര്യത്തിലാണ് ലീഗ് ഇത്തരമൊരു പരാതിയുമായി മുന്നോട്ടു പോയത്. എന്നാല്‍, സിനിമയുമായി മുന്നോട്ടു പോകാനാണ് തനിക്ക് താത്പര്യമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനി മത്സരിക്കാമെന്നു വച്ചാല്‍ തന്നെ അതിനു പറ്റിയ അവസ്ഥയിലല്ല താനെന്നും കമല്‍ പറഞ്ഞു.
ഇ. അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളംമൊരുങ്ങിയത്.






