
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധിക്കല്‍ പ്രഖ്യാനത്തിന്റെ പേരില്‍ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് മറുപടി നല്കവേ കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് രാം മേഘ്വാളാണ് ഇക്കാര്യം ലോകസഭയെ അറിയിച്ചത്.
സിപിഎം എം.പി ജീതേന്ദ്ര ചൗധരിയും ബി.ജെ.പി എം.പി മനോജ് തിവാരിയുമാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
2016 നവംബര്‍ 8 ന് രാത്രി എട്ടുമണിയ്ക്കാണ് രാജ്യത്ത് 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പിന്നാലെ കൈവശമുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിശ്ചിത സമയം അനുവദിച്ചു. ഇത്തരത്തില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കവേ കുഴഞ്ഞു വീണ് നിരവധിപ്പേര്‍ മരണപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.






