പാലക്കാട്: അമ്മയുടെ മരണവാര്‍ത്തയുമായി മകനെ കാത്തിരിക്കുന്ന ഒരച്ഛന്. പാലക്കാട് കൊടുവായൂര്‍ സ്വദേശി ജി. രാധാകൃഷ്ണനാണ് ദൗര്‍ഭാഗ്യവാനായ ഈ അച്ഛന്. അവസാനമായി മകനെ ഒരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന തന്റെ ഭാര്യ ജലജയും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനെങ്കിലും മകന് എത്തുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണന്. ഫെയ്സ്ബുക്കിലൂടെയാണ് ഭാര്യ ജലജയുടെ മരണ വാര്‍ത്ത രാധാകൃഷ്ണന് പുറത്ത് വിട്ടത്. എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ മകന് ബിനോയിയെ കാണാതായത്.
മാര്‍ച്ച് 15നാണ് രാധാകൃഷ്ണന്റെ ഭാര്യ ജലജ മരിച്ചത്. 25ന് നടക്കുന്ന മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെങ്കിലും മകന് വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാധാകൃഷ്ണന്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം നിര്‍ത്തിയ മകനെ വഴക്ക് പറഞ്ഞതാണ് മകന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കാരണം. ഇനി ബിനോയിയെ അന്വേഷിക്കാന്‍ സ്ഥലമില്ല. ഇന്ത്യയില്‍ എല്ലായിടത്തും മകനെ അന്വേഷിച്ചു കഴിഞ്ഞു. അമ്മയെ അവസാനമായി കാണാനെങ്കിലും മകന് മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു രാധാകൃഷ്ണന്.
മകന് പോയതോടെ കൂട്ടായുണ്ടായിരുന്ന ഭാര്യയും നഷ്ടപ്പെട്ടതോടെ ഏകനായിരിക്കുകയാണ് രാധാകൃഷ്ണന്. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനെങ്കിലും മകന് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.






