
കൊച്ചി: ജിഷാ വധക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതിഭാഗം അഭിഭാഷകനായ അഡ്വ.ബി.എ ആളൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജിഷാ വധക്കേസില്‍ അന്വേഷണം ശരിയായ ദിശയില്ല നടന്നിരിക്കുന്നതെന്ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കൊല നടത്തിയത് പ്രതി അമിറൂള്‍ ഇസ്ലാം തന്നെയാണോ എന്ന് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന സാധ്യതയും വിജിലന്‍സ് ഉന്നയിച്ചിരുന്നു. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും സ്വന്തം നിയമനവും ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അടിയന്തരമായി കോടതി വിളിച്ചുവരുത്തണമെന്നും ഹജിയില്‍ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും അപേക്ഷ നല്‍കാനും പ്രതിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ജിഷാ വധക്കേസില്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ പാളിച്ചയുണ്ടായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതരമായ വീഴ്ചപറ്റിയെന്നും അതിനാല്കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും വിജിലന്‍സ് ഡയക്ടര്‍ ജേക്കബ് തോമസ് ജനുവരിയില്‍ 16 പേജുള്ള അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറി ഇത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറുകയായിരുന്നു. എന്നാല്‍ ഇത് തള്ളിയ ഡിജിപി ലോക്നാഥ് ബെഹ്റ, വിജിലന്‍സിന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്കാന് അധികാരമില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളില്‍ ക്രൂരമായ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംഭവ ദിവസം വൈകുന്നേരം5.30നും ആറിനുമിടയിലാണ് കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് അമിറൂള്‍ ഇസ്ലാം അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ കൊലപ്പെടുത്തിയെന്നതാണ് കുറ്റം.






