തൃശൂരിലെ ഗിരിജ തീയറ്ററില്‍ അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. നടന് ദിലീപിനെതിരായ ചരടുവലിക്ക് ചിലര്‍ തന്നെ കരുവാക്കുകയാണെന്ന് ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജ ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഗിരിജയുടെ ആരോപണം. അങ്കമാലി ഡയറീസിന് ആളെത്തിയിട്ടും ഗേറ്റ് തുറക്കാതെ ചിത്രം ഹോള്‍ഡ് ഓവറാക്കാന്‍ തീയറ്റര്‍ ഉടമ ശ്രമിക്കുന്നതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ അണിയറക്കാരുടെ ആരോപണം ഡോ. ഗിരിജ നിഷേധിച്ചു. അങ്കമാലി ഡയറീസിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ സഹോദരന് വിനയ് ബാബുവും വിതരണക്കാരും കുറച്ച് ദിവസം മുമ്പ് തീയറ്ററില്‍ വന്നിരുന്നു. അങ്കമാലി ഡയറീസ് നാല് ഷോ കളിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ വന്നത്. എന്നാല്‍ ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന് അഡ്വാന്‍സ് കൊടുത്ത വിവരം അവരെ അറിയിച്ചു. എന്നാല്‍ അങ്കമാലി ഡയറീസ് തന്നെ കളിക്കണമെന്ന് അവര്‍ വാശി പിടിച്ചു.
തുടര്‍ന്ന് തീയറ്ററില്‍ ബംഗാളികളെ പണം കൊടുത്ത് കൊണ്ടുവന്നു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കുടുംബ പ്രേക്ഷകര്‍ വരാതെയായി. ഇതേതുടര്‍ന്നാണ് താന്‍ തീയറ്റര്‍ ഗേറ്റ് അടച്ചിട്ടതെന്ന് ഗിരിജ പറഞ്ഞു. ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയും മറ്റൊരു വ്യക്തിയും ചേര്‍ന്നാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. ദിലീപിന്റെ ഒരു ചിത്രവും തൃശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ വാശി.
അങ്കമാലി ഡയറീസ് പ്രദര്‍ശനം തുടര്‍ന്നാല്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രദര്‍ശനം നടക്കില്ല. ഇതാണ് അങ്കമാലി ഡയറീസ് തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ഇവര്‍ വാശി പിടിക്കുന്നതെന്നും ഡോ. ഗിരിജ ആരോപിച്ചു.






