
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അമ്മയാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴടങ്ങി. ആറും ഏഴും പ്രതികളായ വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്.
നവജാത ശിശുവിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതുമാണ് ഇവരുടെ പേരില്‍ കേസ്. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് ലിസ്മരിയ. സഹപ്രവര്‍ത്തകര്‍ക്കും അഭിഭാഷകയായ വിമല ബിനുവിനുമൊപ്പമണ് ഇവര്‍ കീഴടങ്ങാനെത്തിയത്. പുലര്‍ച്ചെ 6.30ഓടെയാണ് കീഴടങ്ങാന്‍ എത്തിയത്.
മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഹാജരാക്കുന്ന ഇവരെ ഇന്ന് തന്നെ ജാമ്യത്തില്‍ വിടും. നേരത്തെ കേസിലെ ആഞ്ചു പ്രതികളും കീഴടങ്ങിയിരുന്നു. ഒന്നാം പ്രതി റോബിന് വടക്കുംചേരി നിമാന്ഡിലാണ്.






