ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന് തെണ്ടൂല്‍ക്കറും ബോളിവുഡ് നടി രേഖയും താല്‍പ്പര്യമില്ലെങ്കില്‍ രാജ്യസഭാ അംഗമെന്ന പദവി ഒഴിയണമെന്ന് പാര്‍ലമെന്റംഗം നരേഷ് അഗര്‍വാള്‍. ഇവര്‍ രണ്ടുപേരും പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ പാര്‍ലന്റെില്‍ ഉന്നയിച്ചു.
ഇവര്‍ പദവിയില്‍ നിന്നും ഒഴിയണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ ശൂന്യവേളയില്‍ ക്രമപ്രശ്നമായി ഇക്കാര്യം അവതരിപ്പിച്ചു. ഇവര്‍ പാര്‍ലമെന്റില്‍ എത്താറില്ല, അതു ചൂണ്ടിക്കാട്ടുന്നത് അവര്‍ക്കു താല്‍പ്പര്യമില്ലെന്നാണ് അതിനാല്‍ രാജിവെയ്ക്കാന്‍ അവര്‍ തയാറാകണമെന്നും അഗര്‍വാള്‍ വാദിച്ചു. എന്നാല്‍ ക്രമപ്രശ്നമായി അവതരിപ്പിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയര്മാന് പിജെ കുര്യന് വ്യക്തമാക്കി. അതോടൊപ്പം നാമനിര്‍ദേശം വഴിയെത്തിയ അംഗങ്ങളെ സഭയിലെത്തിക്കാന്‍ അഗര്‍വാള്‍ ശ്രമിക്കണമെന്നും കുര്യന് വ്യക്തമാക്കി.
വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. നാമനിര്‍ദേശം വഴിയെത്തിയ അംഗങ്ങള്‍ അപൂര്‍വമായാണ് സഭയിലെത്താറുള്ളത്. ഇതു പലപ്പോഴും വിവാദത്തിനിടയാക്കിയിരുന്നു. സച്ചിന്റെയും രേഖയുടേയും രാജ്യസഭയിലെ ഹാജര്‍ നിലയുടെ കുറവില്‍ മുന്‍പ് വിമര്‍ശനമുയര്‍ന്നിരുന്നു.






