
കൊച്ചി : കൊച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഇന്ധനം നിറയ്ക്കാന്‍ എത്തിയ സംഘത്തിന്റെ ആക്രമണം. തമിഴ്നാട് കമ്പം സ്വദേശി പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ തെറ്റിച്ച് ടൈപ്പ് ചെയ്തുവെന്ന് ആരോപിച്ച് തമിഴ്നാട്ടുകാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. കളശ്ശേരി അപ്പോളോ ജംങ്ഷനിലെ പെട്രോള്‍ പമ്പില്‍ രാവിലെ എട്ടോടെയാണ് അതിക്രമം നടന്നത്. കാറിലെത്തിയ സംഘം പെട്രോള്‍ അടിച്ച ശേഷം പണത്തിന് പകരം എടിഎം കാര്‍ഡാണ് നല്‍കിയത്.
എന്നാല്‍, പറഞ്ഞു കൊടുത്ത പിന് നമ്പര്‍ ശരിയായില്ല. രണ്ടു തവണ ശ്രമിച്ച ശേഷം വീണ്ടും ജീവനക്കാര്‍ നമ്പര്‍ ചോദിച്ചതോടെ പെട്രോള്‍ നിറയ്ക്കാന്‍ എത്തിയവര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ എത്തിയ വനിതാ ജീവനക്കാരെയും സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ എത്തിയവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും സംശയമുണ്ട്. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.






