ന്യുഡല്‍ഹി: ഇന്ത്യ-പാക് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യു.എസ് വാഗ്ദാനം നിരസിച്ച് ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ-പാക് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യു.എസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സമാധാനം തകര്‍ക്കുന്ന പാക് തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ പറഞ്ഞു. എന്നാല്‍ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യ-പാക് പ്രശ്നം പരിഹരിക്കാന്‍ യു.എസ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയാണ് വ്യക്തമാക്കിയത്. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതില്‍ യു.എസിന് ആശങ്കയുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ ഉടപെടാന്‍ സന്നദ്ധനാണ്-ഇതായിരുന്നു നിക്കി ഹാലെയുടെ പ്രസ്താവന.






