ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വിധി പ്രകാരം പാതയോരത്തെ മദ്യശാലകള്‍ നിരോധിക്കുന്ന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കും. ഭരണ ഘടനയുടെ 143 അനുഛേദപ്രകാരം രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കുമെന്നാണ് സൂചനകള്‍.
പാതയോരത്തെ മദ്യശാലകള്‍ക്ക് പൂട്ടിട്ടതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തീക രംഗത്തും വിനോദസഞ്ചാര രംഗത്തും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇനി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ് സുപ്രീംകോടതി വിധിക്കെതിരെ നിയമപരമായി നടത്താവുന്നത്.
പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപവത്കരിച്ച് വിഷയം വീണ്ടും പരിശോധിക്കും. കേസിലുള്‍പ്പെട്ട കക്ഷികളുമായോ വിദഗ്ധരുമായോ കോടതിക്ക് കൂടിയാലോചന നടത്താം. ഇത്തരത്തില്‍ ഇത് പുനപരിശോധനയ്ക്ക് വയ്ക്കുമ്പോള്‍ അനുകീലമായ വിധി കണ്ടെത്താന്‍ സാധിക്കുമെന്നാണ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് തള്ളിക്കളയാനും സുപ്രീം കോടതി അവകാശമുണ്ട്.






