തിരുവനന്തപുരം: തലസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ആദ്യ മണിക്കൂറുകളില്‍ തലസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഇതുവരെ ഓടുന്നില്ല. റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് സഹായവുമായി പോലീസും മറ്റ് സംഘടനകളും പ്രത്യേക സര്‍വീസുകളുമായി രംഗത്തുണ്ട്. 11 മണിയോടെ ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നിരാഹാരസമരം രണ്ടാം ദിവസവും തുടരുകയാണ്. ആവശ്യം അംഗീകരിച്ച് കിട്ടുന്ന വരെ സമരം ചെയ്യുമെന്നാണ് അവരുടെ വാദം. കോഴിക്കോട് ആര്‍എംപിയും ഹര്‍ത്താലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. 10 മണിയോടെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിക്കും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. പരീക്ഷകള്‍, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല - ഉംറ തീര്‍ത്ഥാടകര്‍, ഉല്സവങ്ങള്, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ്. ചെയര്മാന് രമേശ് ചെന്നിത്തല അറിയിച്ചു.






