
തിരുവനന്തപുരം: നീതി കിട്ടും വരെ പിന്നോട്ടില്ലെന്നും നിരാഹാര സമരം തുടരുമെന്നും ജിഷ്ണു പ്രണോയിയുടെ കുടുംബം. ഡിജിപി ഓഫീസിന് മുന്നില്‍ തങ്ങളെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും മരണം വരെ സമരമെന്നും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത്.
സമരത്തിന് പിന്തുണയുമായി നിരവധി പേരെത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജിഷ്ണുവിന്റെ മാതാവും അമ്മാവനും. കന്റോണ്‍മെന്റ്, മ്യൂസിയം എസ്ഐ മാരാണ് മര്‍ദ്ദിച്ചതെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നടപടിയില്ലാതെ ഡിജിപിയുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ ഡിജിപിയുടെ ഓഫീസിന് മുന്നില്‍ വീണ്ടും സമരം തുടരും. എവിടെ പോലീസ് തടയുന്നുവോ അവിടെ സമരം തുടങ്ങും.
ജിഷ്ണുവിന്റെ കുടുംബത്തോടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാട്ടുകാരും ബന്ധുക്കളും ഇന്ന് നിരാഹാര സമരം തുടങ്ങും. സ്ത്രീകളടക്കം 10 പേര് വീതമാണ് സമരം തുടങ്ങുന്നത്. സജീവ സിപിഎം പ്രവര്‍ത്തകരാണ് സമരം ഏറ്റെടുക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടില്‍ നിരാഹാരം തുടങ്ങി. ഇന്ന് ജിഷ്ണുവിന്റെ വീടിന് മുന്നില്‍ യുഡിഎഫും ഉപവാസസമരം നടത്തുന്നുണ്ട്.






