
തിരുവനന്തപുരം : ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദമെന്ന് അമ്മാവന് ശ്രീജിത്ത്. ആശുപത്രിയില്‍ നിന്നും ഞങ്ങളെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഫോണിലേയ്ക്ക് ആരോ വിളിച്ചുവെന്നും ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കില്‍ മഹിജയെ പേ വാര്‍ഡിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും ജിഷ്ണുവിന്റെ അമ്മാവന് പ്രതികരിച്ചു.
ഒരു രാഷ്ട്രീയ സമരത്തിനല്ല ഞങ്ങള്‍ വന്നതെന്നും ആരെയും സംശയിക്കുന്നില്ലെന്നും തങ്ങളുടെ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് ആശുപത്രിയിലേയ്ക്ക് എത്തിയ ഫോണ്‍വിളികള്‍ക്ക് പിന്നില്‍ ആരെന്ന് തെരഞ്ഞ് കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കാനില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയും അമ്മാവനും നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് ഫോണ്‍ സന്ദേശം എത്തിയിരിക്കുന്നത്. അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി.
അതേസമയം, മഹിജയേയും സഹോദരന് ശ്രീജിത്തിനെയും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും അത്തരത്തിലൊരു സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. ഇരുവരെയും വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കും.






