തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിരാഹാര സമരം തുടരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ഐ.സിയുവിലേക്ക് മാറ്റി. നിരാഹാര സമരത്തിനിടെ ആഹാരം കഴിച്ചുവെന്ന പ്രചരണത്തില്‍ പ്രതിഷേധിച്ച് മഹിജയും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തും ഡ്രിപ്പും പഴച്ചാറും നിരസിച്ചിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കുകയും മഹിജയെ ഐ.സിയുവിലേക്ക് മാറ്റുകയുമായിരുന്നു.
ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ നിരാഹാര സമരം തുടങ്ങിയത്. ഐ.സിയുവിലേക്ക് മാറ്റിയ സാഹചര്യത്തില്‍ മഹിജയ്ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചാണ് നിര്‍ദ്ദേശം നല്‍കിയത്. നിരാഹാര സമരത്തെ പിന്തുണച്ച് ജിഷ്ണുവിന്റെ പതിനാല് കുടുംബാംഗങ്ങളും നിരാഹാര സമരം തുടങ്ങി.
അതേസമയം, കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാരമനുഷ്ടിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില വഷളായി. ആശുപത്രിയിലേക്ക് മാറണമെന്ന വടകര റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശം അവിഷ്ണ തള്ളി. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും അവിഷ്ണ വ്യക്തമാക്കി. അവിഷ്ണയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് വടകര റൂറല്‍ എസ്.പി പുഷ്കരനും വ്യക്തമാക്കി.






