
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയില്‍ കള്ളപ്പണം കുമിഞ്ഞു കൂടിയതെന്ന് ബിജെപി. ആ നാളുകളില്‍ യുപിഎ സര്‍ക്കാരിന്റെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പി. ചിദംബരത്തിന് ഇതിന്റെ ഉറവിടത്തെക്കുറിച്ച് അറിയാമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. യുപിഎ ഭരണകാലത്ത് രൂപംകൊണ്ട കോടിക്കണക്കിന് രൂപയുടെ അഴിമതികളാണ് രാജ്യത്ത് കള്ളപ്പണം വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തിനെതിരായ യുദ്ധത്തിലാണ് നരേന്ദ്ര മോഡി സര്‍ക്കാരെന്നും ഒന്നോ, രണ്ടോ നടപടികള്‍ കൊണ്ട് ഇത് അവസാനിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി ഈ ദിശയിലേയ്ക്കുള്ള കൃത്യമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി സര്‍ക്കാര്‍ കുത്രിമത്വം കാട്ടിയെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. വോട്ടിങ് യന്ത്രങ്ങളില്‍ ആരും കൃത്രിമം കാട്ടിയിട്ടില്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






