
മൊഗദീഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടികൂടി ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമലി സുരക്ഷാ സേന തിരിച്ചുപിടിച്ചു. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാരെ കൊള്ളക്കാര്‍ കരയിലേക്ക് കൊണ്ടുപോയി ബന്ദികളാക്കി. രണ്ട് ജീവനക്കാരെ സേന രക്ഷപ്പെടുത്തി. അല്‍ കൗസര്‍ എന്ന കപ്പലാണ് ഈ മാസം ആദ്യം കൊള്ളക്കാര്‍ പിടിച്ചുവച്ചത്.
ഇന്ത്യന്‍ കപ്പല്‍ കൊള്ളക്കാരില്‍ നിന്നു പിടിച്ചെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ 11 ജീവനക്കാരുമായി കൊള്ളക്കാര്‍ കരയിലേക്ക് പോയി. ഇവരില്‍ രണ്ടു പേരെ മോചിപ്പിക്കാന്‍ കഴിഞ്ഞു. മറ്റ് ഒന്‍പതു പേരുമായി കൊള്ളക്കര്‍ എല്‍ ഹൂര്‍- ഹര്ദീരി എന്നിവയ്ക്കിടയിലെ മലനിരകളില്‍ ഒളിച്ചുവെന്നും ഗല്മുദുഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹഷി അരബി അറിയിച്ചു. കൊള്ളക്കാര്‍ ഉപേക്ഷിച്ചിട്ടു പോയ കാറില്‍ നിന്നാണ് രണ്ട് ജീവനക്കാരെ കിട്ടിയതെന്നും വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ബന്ദികളാക്കിയ ജീവനക്കാരെ വച്ച് കൊള്ളക്കാര്‍ ഇന്ത്യാ സര്‍ക്കാരുമായി വിലപേശല്‍ നടത്താനാണ് നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന കൊള്ളക്കാരെ മോചിപ്പിക്കുന്നതിനാണ് ഇവരുടെ ശ്രമം. 117 കടല്‍ക്കൊള്ളക്കാരാണ് ഇന്ത്യന്‍ ജയിലുകളില്‍ ഉള്ളത്.
2012ല്‍ 237 തവണയാണ് കപ്പലുകള്‍ തട്ടിക്കൊണ്ടുപോയത്.എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കൊള്ളക്കാരുടെ ശല്യം ഉണ്ടായിരുന്നില്ല. ചരക്കുകപ്പലുകളില്‍ കമ്പനികള്‍ സുരക്ഷ ശക്തമാക്കിയതോടെ കൊള്ളക്കാര്‍ പിന്‍വലിയുകയായിരുന്നു. എന്നാല്‍ ഈ മാസം കൊള്ളക്കാര്‍ വീണ്ടും രംഗത്തെത്തി. ഒരു ചൈനീസ് ചരക്കുകപ്പല്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ നാവിക സേന കൂടി ഇടപെട്ടാണ് ഇത് മോചിപ്പിച്ചത്.






