
പട്ന: വടക്കേ ഇന്ത്യയില്‍ ട്രെയിന്‍ കേന്ദ്രീകരിച്ച വന്‍ കൊള്ള നടത്തിയിരുന്ന സംഘം ലക്ഷങ്ങള്‍ അടിച്ചുമാറ്റിയിരുന്നത് വെറും ഒറ്റരൂപ നാണയത്തിന്റെ സഹായം കൊണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു രൂപ ഉപയോഗിച്ച് സിഗ്നല്‍ മാറ്റുകയും ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അതിലേക്ക് കൊള്ളസംഘം ചാടിക്കയറുകയും യാത്രക്കാരില്‍ നിന്നും പണവും മൊബൈല്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തുക്കള്‍ അടിച്ചുമാറ്റുകയും ചെയ്യുന്നതാണ് ഇവര്‍ ചെയ്തിരുന്ന രീതിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി- പട്ന രാജധാനി എക്സ്പ്രസില്‍ നിന്നും പിടകൂടിയ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. 20 യാത്രക്കാരില്‍ നിന്നും ലക്ഷങ്ങള്‍ പണമായും വിലപ്പെട്ട വസ്തുക്കളുമായും അടിച്ചുമാറ്റിയ സംഭവത്തിലെ അന്വേഷണമാണ് മോഷണ സംഘത്തെ കുടുക്കുന്നതിലേക്ക് നയിച്ചത്. ഫത്തേഖാന് എന്ന 20 കാരന്റെ നേതൃത്വത്തിലായിരുന്നു മോഷണം നടന്നത്.
ട്രാക്കുകള്‍ ചേരുന്നിടത്ത് ഒരു രൂപ നാണയം തിരുകി സിഗ്നല്‍ സംവിധാനം തകരാറിലാക്കുകയാണ് ആദ്യ പരിപാടി. കത്തേണ്ട പച്ചയ്ക്ക് പകരം ചുവപ്പ് സിഗ്നല്‍ തെളിയുകയും ട്രെയിന്‍ നിര്‍ത്തുമ്പോള്‍ കൊള്ളസംഘം ട്രെയിനില്‍ കയറുകയുമാണ് രീതി. പരിപാടി വിജയിപ്പിച്ചെടുക്കാന്‍ സംഘാംഗങ്ങള്‍ തന്നെ ട്രെയിനില്‍ യാത്ര ചെയ്യുന്നുമുണ്ടാകും. ഇയാള്‍ ട്രെയിന്റെ വാതില്‍ സംഘത്തിന് തുറന്നു കൊടുക്കും.ഈ സമയത്ത് മറ്റുള്ളവര്‍ ബോഗികളില്‍ കയറി മോഷണം നടത്തും.
മോഷണം നടത്തിയ നാലംഗ സംഘത്തില്‍ നിന്നും സെല്‍ഫോണ്‍, പഴ്സുകള്‍, എടിഎം കാര്‍ഡുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയും കണ്ടെത്തി. രണ്ടു വര്‍ഷമായി ഇവര്‍ പാറ്റ്ന-മുഗള്‍സരായി ഡിവിഷനില്‍ കൂടി പോകുന്ന അനേകം ട്രെയിനുകളില്‍ മോഷണം നടത്തിയിരുന്നതായും കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ ഇത്തരം മോഷണം നടത്തിയ സംഘം ഏറ്റവും ഒടുവില്‍ സിയാല്‍ഡാ രാജധാനി എക്സ്പ്രസിലാണ് അവസാനമായി മോഷണം നടത്തിയത്.






