
ന്യൂഡ്യല്‍ഹി : ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള പെണ്‍കുട്ടിക്ക്. 'ലക്കി ഗ്രഹക് യോജന' എന്ന പേരില്‍ 2016 ഡിസംബറില്‍ നീതി ആയോഗ് സിഇഒ അമിത് കാന്ത് പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്. ലാത്തൂരില്‍ നിന്നുള്ള ശ്രദ്ധ മോഹ(20) നെയാന് ആദ്യ നറുക്കെടുപ്പില്‍ തന്നെ ഭാഗ്യദേവത കടാക്ഷിച്ചത്.
നീതി ആയോഗ് നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുതുതായി വാങ്ങിയ മൊബൈല്‍ ഫോണിന്റെ മാസ തവണയായ 1590 രൂപ റുപേ കാര്‍ഡ് ഉപയോഗിച്ച് അടച്ചതാണ് ശ്രദ്ധമോഹനെ ഒന്നാം സമ്മാനത്തിന് അര്‍ഹയാക്കിയത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുജറാത്തില്‍ നിന്നുള്ള പ്രൈമറി സ്കൂള്‍ അധ്യാപകനായ ഹാര്‍ദിക് കുമാര്‍ സ്വന്തമാക്കി. 1,100 രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് ഇദ്ദേഹം നടത്തിയത്. റുപേ കാര്‍ഡ് ഉപയോഗിച്ച് 100 രൂപയുടെ മാത്രം ഇടപാട് നടത്തിയിട്ടുള്ള ഉത്തരാഖണ്ഡ് സ്വദേശി ഭാരത് സിങിനാണ് 25 ലക്ഷത്തിന്റെ മുന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.
വ്യാപാരികള്‍ക്കുള്ള സമ്മാന പദ്ധതിയായ 'ഡിജി-ദാന്‍ വ്യപാര്‍ യോജന'യുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ തമിഴ്നാട്ടിലെ താംബരത്തു നിന്നുള്ള ആനന്ദ് അനന്തപത്മനാഭന് സ്വന്തമാക്കി.






