കണ്ണൂര്‍: നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിവാദ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുമെന്നായിരുന്നു റോബർട്ട് വെള്ളാംവെള്ളി പറഞ്ഞത്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
'വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനുമാണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം. മലയാളി മണ്ണിന്റെ നെറുകയില്‍ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വെയ്സ്റ്റ് കൊട്ടയിലാകും അതിന്റെ സ്ഥാനം. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുക തന്നെ ചെയ്യും' എന്നാണ് റോബര്‍ട്ട് വെള്ളാംവെള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ 'ഈ പരദേവനഹോ' എന്ന ക്രിസ്തീയ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതാണ് ശശികലയെ ചൊടിപ്പിച്ചത്. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശശികല പറഞ്ഞത്. സംഭവം വിവാദമായതോടെ നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയായിരുന്നു അതെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞിരുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി വിശദീകരിച്ചിരുന്നു.






