തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കോവിഡിനുശേഷം സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക-വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി .
നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് തുടർനടപടി സ്വീകരിക്കും . ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം ഉന്നതതല സമിതി.
സ്കൂളിലെ ഫോൺ ഉപയോഗം സംബന്ധിച്ച് അധ്യയനവർഷാരംഭം പിടിഎ മുഖാന്തിരം അച്ചടിച്ച നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകണം. ഡിജിറ്റൽ അവബോധം സംബന്ധിച്ച് ഒരു അധ്യയനവർഷം വിദഗ്ധരുടെ രണ്ട് മണിക്കൂർ ക്ലാസ്സ് നാല് തവണ സ്കൂളിന്റെ നേതൃത്വത്തിൽ ലഭ്യമാക്കണം. കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, വിവിധ ഭാഷാ ക്ലാസുകൾ, സാഹിത്യ ശാസ്ത്ര ക്ലബുകൾ, വായന, ക്രാഫ്റ്റ്, കൈത്തൊഴിൽ എന്നിവയിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കണം. കമ്മീഷൻ ഉത്തരവിലെ ശുപാർശകൾ 2026-27 അദ്ധ്യായന വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പിലാക്കണം.
പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ :
0-18 മാസം: വീഡിയോ ചാറ്റിംഗ് ഒഴികെയുള്ള സ്ക്രീൻ സമയം ഒഴിവാക്കുക.
18-24 മാസം: മാതാപിതാക്കളുടെ കൂടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ പരിപാടികൾ മാത്രം.
2-5 വയസ്സ്: 1 മണിക്കൂറിൽ കൂടുതൽ ആകരുത്, അതും ഒരുമിച്ച് ഇരുന്ന് കാണണം.
5-17 വയസ്സ്: സ്ക്രീൻ സമയം നിയന്ത്രിക്കുകയും ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുക.
അമിത സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ:
കാഴ്ച പ്രശ്നങ്ങൾ: മയോപ്പിയ (ഹ്രസ്വദൃഷ്ടി) വഷളാകാനും കണ്ണിലെ പേശികൾക്ക് സമ്മർദ്ദം വരാനും സാധ്യതയുണ്ട്.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ: ഉറക്കക്കുറവ്, അമിതവണ്ണം, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകാം.
പെരുമാറ്റ മാറ്റങ്ങൾ: പെട്ടെന്ന് ദേഷ്യപ്പെടുക, ശ്രദ്ധക്കുറവ് (ADHD), സംസാരശേഷിയിൽ കുറവ് എന്നിവ കണ്ടുവരുന്നു.
സ്ക്രീൻ സമയം കുറയ്ക്കുന്നതിനുള്ള വഴികൾ:
ഭക്ഷണസമയത്തും കിടപ്പുമുറിയിലും സ്ക്രീൻ ഒഴിവാക്കുക: ഇത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
മാതൃകയാവുക: മാതാപിതാക്കൾ ഫോൺ ഉപയോഗം കുറയ്ക്കുക.
പകരമുള്ള വഴികൾ: പുസ്തകം വായിക്കുക, കളിപ്പാട്ടങ്ങളുമായി കളിക്കുക, പുറത്ത് പോവുക തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.






