തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന ഹർജിയിൽ മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ഹർജികളാണ് ഹൈക്കോടതിയ്ക്ക് മുന്നിൽ എത്തിയത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയില്ല. ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയില്ല. ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം ജി അനിൽകുമാർ എന്നിവരാണ് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റ്യാടി മേഖലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാൽ പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തത്തിൽ കോടതി നേരത്തെ ഇടപെട്ടിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം.






