തിരുവനന്തപുരം : കേരളത്തില്‍ ഉഷ്ണതരംഗസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുകയും നാലര ഡിഗ്രിയിലധികം വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.
നിലവില്‍ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗമുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്ട് 41 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. എന്നാല്‍, സംസ്ഥാനത്താകെ ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കര്‍ശന സുരക്ഷാമുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കേരളം തീരദേശസംസ്ഥാനമായതിനാല് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലാണ്. അനുഭവവേദ്യമാകുന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാള്‍ വളരെ ഉയര്ന്നുനില്ക്കുന്ന സാഹചര്യം രണ്ടുദിവസം തുടര്‍ന്നാലാണ് ഔദ്യോഗികമായി ഉഷ്ണതരംഗം സ്ഥിരീകരിക്കുക.
സംസ്ഥാനത്ത് 2024നുശേഷം ആദ്യമായി ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിണര്‍ വൃത്തിയാക്കുന്നതിനിടെ സൂര്യാഘാതമേറ്റ് ചക്കരക്കല്‍ പള്ളിപ്പൊയില്‍ സ്വദേശി എം.വി. സനല്‍കുമാര്‍ (37) മരിച്ചു. കഴിഞ്ഞ 22-ന് ജോലിക്കിടെ കുഴഞ്ഞുവീണ സനല്‍കുമാറിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 2.55-ന് മരിച്ചു.
കൊടുംചൂട് മൂലം സംസ്ഥാനത്ത് ഈവര്ഷമുണ്ടാകുന്ന ആദ്യമരണമാണിത്. ദുബായില്‍ ഡ്രൈവറായിരുന്ന സനല്‍കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. രണ്ടുദിവസമായി സമീപത്തെ വീട്ടില്‍ കിണര്‍ വൃത്തിയാക്കുന്നവര്ക്കൊപ്പം ജോലി ചെയ്തുവരുകയായിരുന്നു. സംസ്ഥാനത്ത് മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് സൂര്യാതപമേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുതോട്ടത്തില്‍ പ്രമോദ്-സനില ദമ്പതികളുടെ മക്കളായ മൃദുല്‍ കൃഷ്ണ(അഞ്ച്), സഹോദരന് മല്‍ഹാര്‍ (മൂന്ന്), വണ്ടൂര്‍ ഗവ. ആശുപത്രിക്കുന്നിലെ ഇസ ജോണ്‍ (നാല്), കണ്ണൂര്‍ നാദാപുരം വളയം ചെറുമോത്ത് അംഗന്‍വാടി അധ്യാപിക അനില, കൂത്താട്ടുകുളത്ത് തടിമില്‍ തൊഴിലാളിയായ ഒഡീഷ സ്വദേശി പാണ്ഡവ ബൈര (27) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് സൂര്യാതപമേറ്റത്. വേനലവധിക്ക് മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തുനിന്ന് നാട്ടിലെത്തിയതാണ്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ പ്രത്യേകനിരീക്ഷണത്തിലാണ്. വണ്ടൂരില്‍ വയറിലും കൈക്കും പൊള്ളലേറ്റ ഇസ ജോണിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
അംഗന്‍വാടി അധ്യാപിക അനിലയ്ക്ക് വലത് കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. ക്ഷീണവും ദേഹമാകെ നീറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം തൂണേരി ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍ക്കും സൂര്യാതപമേറ്റിരുന്നു.
കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ തൊഴിലാളിയായ പാണ്ഡവ ബൈരയ്ക്ക് ജോലിക്കിടെയാണ് തളര്‍ച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. കൈകളിലും കഴുത്തിലും പൊള്ളലേറ്റ പാടുണ്ട്. കൂത്താട്ടുകുളം ഗവ. ആശുപത്രിയില്‍ പ്രാഥമികചികിത്സയ്ക്കുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, സൂര്യാതപമേറ്റതല്ലെന്നും പൊടി അലര്‍ജി മൂലമാണ് അവശത അനുഭവപ്പെട്ടതെന്നും ഇയാള്‍ പറയുന്നു.






