തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തസ്ഥലത്ത് മൂന്ന് കഡാവര്‍ നായകളുമായി പോലീസ് വ്യാപകപരിശോധന നടത്തി. ഒരു കിലോമീറ്ററോളം അകലെ പാടശേഖരത്തില്‍ ഒരു പുരുഷശിരസിന്റെ ഭാഗം കണ്ടെത്തി. ഇത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഡി.എന്‍.എ. പരിശോധന നടത്തി, മോര്‍ച്ചറിയിലുള്ള മറ്റ് ശരീരഭാഗങ്ങളുമായി ഒത്തുനോക്കും.
ദുരന്തസ്ഥലത്ത് 37 പേരുണ്ടായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുനൂറോളം പോലീസുകാരാണ് ഇന്നലെ തെരച്ചിലില്‍ പങ്കെടുത്തത്. കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. സ്ഫോടനത്തില്‍ പരുക്കേറ്റ 11 പേര് ആശുപത്രികളിലുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. വെടിക്കെട്ട് കരാറുകാരന് മുണ്ടത്തിക്കോട് സതീഷ് 90% പൊള്ളലേറ്റ് വെന്റിലേറ്ററിലാണ്. നാലുപേരെ കാണാതായി. പരിശോധനയില്‍ കണ്ടെടുത്ത 300 കിലോയോളം സ്ഫോടകവസ്തുക്കള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെടുത്തു.
ഇന്നലത്തെ പരിശോധനയില്‍ 103 ശരീരഭാഗങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആകെ 132 ശരീരഭാഗങ്ങള്‍ ലഭിച്ചു. ഇവയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. ഡി.എന്‍.എ. പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിച്ചു തുടങ്ങുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. മൊബൈല്‍ ഡി.എന്‍.എ. യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ തൃശൂരില്‍നിന്നുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. അന്തിമഫലം തിരുവനന്തപുരത്തുനിന്നു തന്നെയാകും വരിക. ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. ഒരു മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുണ്ട്.
ബാബു മുണ്ടത്തിക്കോട്, രാജേഷ്, വിഷ്ണു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവര്‍. അനിത മുണ്ടത്തിക്കോട്, അഖില്‍ മുണ്ടത്തിക്കോട്, ഉദയകുമാര്‍ പഴയന്നൂര്‍, ബാബു, ഹരി, ഭവാനി എന്നിവരാണു മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവര്‍. എലൈറ്റ് ആശുപത്രിയില്‍ വില്‍സണ്‍, സാജന് എന്നിവരാണ് ചികിത്സയിലുള്ളത്. സുന്ദരന്‍, സുഭദ്ര എന്നിവര്‍ ആശുപത്രി വിട്ടു.






