ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ കൊലചെയ്യപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതമാണെന്ന് സ്ഥിരീകരിച്ചു. മരണകാരണം തലക്ക് ഏറ്റ ക്ഷതമാണെന്നാണ് ഉസ്ബക്കിസ്ഥാനിലും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. അതേസമയം, കേരളത്തിൽ രണ്ടാമത് പോസ്റ്റുമാർട്ടം ചെയ്തപ്പോഴാണ് ശരീരമാസകലം മർദ്ദനമേറ്റിരുന്നു എന്ന കാര്യവും വെളിച്ചത്തുവന്നത്. കഴിഞ്ഞ ദിവസം മൃതദേഹം കണ്ട ശേഷം ബന്ധുക്കളും ഇക്കാര്യം പറഞ്ഞിരുന്നു.
സാവരിയയുടെ കൊലപാതകത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത 208 അനുസരിച്ച് ഇന്ത്യയിൽ വിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്. സഹപാഠിയായ മലപ്പുറം സ്വദേശി സദറുൽ അനം സാവരിയയുടെ തലയിൽ ലാപ്ടോപ്പ് കൊണ്ട് അടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് അങ്ങനെ ചെയ്തതെന്ന് അയാൾ ഉസ്ബക്കിസ്ഥാൻ പൊലീസിനോട് പറഞ്ഞിരുന്നു.
മതം മാറുന്നതിനായി സാവരിയയെ സഹപാഠി സദറുൽ അനം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും തല മുതൽ കാൽ വരെ അടിച്ചു ചതച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. സാവരിയുടെ ശരീരം മുഴുവൻ മുറിവുകളാണ്. മതപരിവർത്തനത്തിനു നിർബന്ധിച്ചിരുന്നെങ്കിലും അവൾ അതിനു സമ്മതിച്ചിരുന്നില്ല എന്ന് സഹപാഠികൾ പറഞ്ഞ് അറിഞ്ഞു. മൃതദേഹത്തിലെ മുറിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നു എന്നും അതിക്രൂരമായാണ് സാവരിയെ കൊന്നതെന്നും ബന്ധുക്കൾ പറഞ്ഞു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് ഉസ്ബക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ബന്ധുക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.






