തിരുവനന്തപുരം: തിരക്കുപിടിച്ച രാഷ്ട്രീയജീവിതത്തിനിടയില്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും വേണ്ടി സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ലെന്നും മക്കള്‍ക്കൊപ്പം നില്‍ക്കാനായി ഒരാഴ്ചത്തെ ഇടവേളയെടുക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മക്കള്‍ക്കൊപ്പം ഒരാഴ്ച ചിലവഴിക്കാന്‍ പോവുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നും ഒപ്പമുണ്ടാവാന്‍ കഴിയാതിരുന്നിട്ടും ഈ അച്ഛനോട് കാണിക്കുന്ന ക്ഷമയ്ക്കും സ്നേഹത്തിനും മക്കളോട് നന്ദി കൂടി പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
പൊതുരംഗത്ത് നില്ക്കുമ്പോള് കൊടുക്കേണ്ടി വരുന്ന വലിയൊരു വില, കുടുംബത്തോടും മക്കളോടും ഒപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ്.
ഏതാണ്ട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒടുവില്‍ മക്കള്‍ക്കൊപ്പം ഒരു ആഴ്ചത്തെ ഇടവേളയിലാണ് ഞാന്‍. അവരുടെ ജീവിതവും അതിലെ മുന്നേറ്റവും ആസ്വദിക്കുന്നു.
അവരുടെ ഗ്രാജുവേഷന് അടക്കം ജീവിതത്തിലെ പല പ്രധാന നാഴികക്കല്ലുകളിലും ഒപ്പമുണ്ടാവാന്‍ കഴിയാതിരുന്നിട്ടും, ഈ അച്ഛനോട് അവര്‍ കാണിക്കുന്ന ക്ഷമയ്ക്കും സ്നേഹത്തിനും നന്ദി.






