എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരതം സിനിമയ്ക്കെതിരെ സംഘപരിവാര്‍. എം.ടിയുടെ മാനസിക വൈകല്യത്തിന് മഹാഭാരതമെന്ന് പേരിടരുതെന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ആവശ്യം. സംഘപരിവാര്‍ അനുകൂല ഫെയ്സ്ബുക്ക് പേജുകളില്‍ സിനിമയ്ക്കെതിരായ പ്രചരണം സജീവമായിരിക്കുകയാണ്.
ആയിരമല്ല, പതിനായിരം കോടി രൂപ മുടക്കിയാലും രണ്ടാമൂഴം മഹാഭാരതമാകില്ല. ചിത്രത്തിന് മഹാഭാരതമെന്ന് പേര് നല്കിയാല് അതിനെതിരെ കോടതിയില്‍ പോകണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു. മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് വിളിക്കാന്‍ പോലും യോഗ്യതയില്ലാത്ത രണ്ടാമൂഴത്തെ മഹാഭാരതമാക്കിയാല്‍ അത് കാണുന്ന ലോക ജനതയും വരും തലമുറയും ഇതിനെ യഥാര്‍ത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നാണ് വിമര്‍ശനം.
അത് അനുവദിക്കരുത്. കേസ് കൊടുത്താല്‍ കുറഞ്ഞ പക്ഷം ഇത് ഞങ്ങളുടെ സ്വാതന്ത്ര വ്യാഖ്യാനം, യഥാര്‍ത്ഥ മഹാഭാരതവുമായി യാതൊരു ബന്ധവുമില്ല. എന്ന മുന്നറിയിപ്പെങ്കിലും നല്കാന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുമെന്നും സംഘപരിവാര്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ്
ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം "മഹാഭാരത"മാകില്ല.
വ്യാസമഹാഋഷിയുടെ മഹാഭാരതം ഒരിക്കലും രണ്ടാമൂഴവുമല്ല.
എംടിയുടെ മാനസികവൈകല്യ കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഇറങ്ങുവാൻ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നൽകുകയാണെങ്കിൽ അതിനെതിരെ കോടതിയിൽ പോകുവാൻ നിങ്ങൾ തയാറാകണം. കാരണം മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത രണ്ടാമൂഴത്തെ മഹാഭാരതമാക്കിയാൽ അത് കാണുന്ന ലോകജനതയും (ഇംഗ്ലീഷ് ഉൾപ്പെടെ നൂറോളം ഭാഷകളിൽ പ്രദർശിപ്പിക്കപ്പെടും എന്നാണ് കേട്ടത്) വരും തലമുറയും ഇതിനെ യഥാർത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട്. അത് അനുവദിക്കരുത്. അങ്ങനെ കേസ് കൊടുത്താൽ കുറഞ്ഞ പക്ഷം "ഇത് ഞങ്ങടെ സ്വതന്ത്ര വ്യാഖ്യാനം, യഥാർത്ഥ മഹാഭാരതവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന മുന്നറിയിപ്പെങ്കിലും നൽകുവാൻ ഇവർ നിർബന്ധിതരാകും, കട്ടായം.. "






